05:20pm 27 November 2026
NEWS
പെരമ്പൂരിലെ വിജയം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കും; വിജയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടി
27/11/2026  12:23 PM IST
nila
പെരമ്പൂരിലെ വിജയം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കും; വിജയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടി

 

ചെന്നൈ: പെരമ്പൂർ നിയമസഭാ മണ്ഡലത്തിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നേടിയ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജിയുമായി മുന്നോട്ടുപോകാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ഹർജി തള്ളണമെന്നാവശ്യപ്പെട്ട് വിജയ് സമർപ്പിച്ച അപേക്ഷ കോടതി നിരസിച്ചു. ഇതോടെ എസ്. ദിനേശ് എന്ന വോട്ടർ നൽകിയ ഹർജിയിൽ തുടർനടപടികൾ സ്വീകരിക്കാം.

നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തുവിവരങ്ങളും വരുമാനവും മറച്ചുവെച്ചെന്നാണ് വിജയ്‌ക്കെതിരായ പ്രധാന ആരോപണം. 30 കോടി രൂപയുടെ ഭൂമി വാങ്ങിയതും 35 കോടി രൂപയുടെ വസ്തു വിറ്റതും സംബന്ധിച്ച വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ഹർജിക്കാരനായ പെരമ്പൂർ സ്വദേശി എസ്. ദിനേശ് ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാണ് ആവശ്യം. എന്നാൽ ആരോപണങ്ങൾ വിജയ് നിഷേധിച്ചിരുന്നു.

അതേസമയം, വിജയ് രാജിവെച്ച തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തടസ്സം നീങ്ങിയില്ല. ഈ മണ്ഡലമുൾപ്പെടെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിലക്ക് നീക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഹർജികളിൽ അന്തിമ തീരുമാനമുണ്ടായ ശേഷമേ ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്താനാകൂവെന്ന് കോടതി വ്യക്തമാക്കി. ഇതോടെ തിരുച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പ് വീണ്ടും വൈകും. ടിവികെയ്ക്ക് ഇത് രാഷ്ട്രീയമായും തിരിച്ചടിയാകും.

എന്നാൽ അംബാസമുദ്രം, പെരുംതുറൈ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് ഏർപ്പെടുത്തിയിരുന്ന വിലക്കിൽ കോടതി ഇളവ് അനുവദിച്ചു. എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ചതിനെത്തുടർന്ന് ഒഴിവുവന്ന മണ്ഡലങ്ങളാണിവ. ഈ രണ്ട് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകാൻ തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി അനുമതി നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img